11 ലക്ഷത്തിനു വീട് പണിയാം! ഇതാ മാതൃക!…

ഉയരം കുറഞ്ഞ താമസക്കാർക്കായി പ്രത്യേകം രൂപകൽപന ചെയ്ത ബജറ്റ് വീടിന്റെ വിശേഷങ്ങൾ…

നാലടി പൊക്കക്കാരായ ചിന്താമണി, ലീല സഹോദരിമാർക്കായി പണിത വീടാണിത്. പാലക്കാട് ജില്ലയിലെ കുഴൽമന്നം എന്ന സ്ഥലത്താണ് വീട് നിർമിച്ചിരിക്കുന്നത്. വെറും മൂന്ന് സെന്റ് പ്ലോട്ടിലാണ് വീടിരിക്കുന്നത്. 825 ചതുരശ്രയടി മാത്രമാണ് വിസ്തീർണം. സ്ട്രക്ച്ചറും ഫർണിഷിങ്ങും ഉൾപ്പെടെ 11 ലക്ഷം രൂപ മാത്രമാണ് നിർമാണത്തിന് ചെലവായത്.

വെല്ലുവിളികൾ ഏറെയുള്ള പ്ലോട്ട് ആയിരുന്നു ഇത്. വീതി കുറഞ്ഞ ഒരിടവഴിയിൽ റോഡ് നിരപ്പിൽനിന്നും വളരെ താഴെയായിരുന്നു പ്ലോട്ട്. അടിത്തറ കെട്ടിയൊരുക്കാൻ കുറച്ചുതുക ചെലവായി. ഇല്ലായിരുന്നെങ്കിൽ നിർമാണച്ചെലവ് വീണ്ടും കുറഞ്ഞേനേ.

2 കിടപ്പുമുറികൾ, ഒരു അറ്റാച്ഡ് ബാത്റൂം, ഒരു കോമൺ ബാത്റൂം, സ്വീകരണമുറി, ഊണുമുറി, അടുക്കള എന്നിവയാണ് ഇവിടെ നൽകിയത്. ചെറിയ സിറ്റ്ഔട്ട് കടന്നു അകത്തേക്ക് കയറിയാൽ വീതി കുറഞ്ഞ ഹാൾ. ഇവിടെ വശത്തായി ഫർണിച്ചർ യൂണിറ്റ് നൽകി സ്വീകരണമുറി ക്രമീകരിച്ചു.

വീട്ടിലെ സ്വിച്ച് ബോർഡുകൾ, അടുക്കളയിലെ പാതകം, കബോർഡുകൾ എന്നിവയെല്ലാം ഇവരുടെ ഉയരത്തിന് അനുയോജ്യമായാണ് ക്രമീകരിച്ചിരിക്കുന്നത്.

ഊണുമുറിയും അടുക്കളയും ഓപ്പൺ ശൈലിയിലാണ്. ഓപ്പൺ ടെറസിലേക്ക് ചെറിയൊരു ഗോവണിയും ക്രമീകരിച്ചു. സ്‌റ്റെയിൻലെസ്സ് സ്‌റ്റീൽ കൊണ്ടാണ് ഗോവണിയുടെ കൈവരികൾ. ഗോവണിയുടെ താഴെ സാധനങ്ങൾ സൂക്ഷിക്കാൻ ഇടംകണ്ടെത്തിയിട്ടുണ്ട്.

ലളിതമായ കിടപ്പുമുറികളിൽ യാതൊരു ഗിമ്മിക്കുകളും കാട്ടിയിട്ടില്ല. പറമ്പിൽ ഉണ്ടായിരുന്ന തേക്കിൻ തടി കൊണ്ടാണ് ഫർണിച്ചറുകളും കട്ടിളകളും ജനാലകളും നിർമിച്ചത് എന്നതുമാത്രമാണ് വീട്ടിലുളള ആഡംബരം.

ചെലവ് കുറച്ച ഘടകങ്ങൾ

വീടിനടുത്ത് ചൂള ഉണ്ടായിരുന്നതുകൊണ്ട് 4 രൂപയ്ക്ക് ഇഷ്ടിക കിട്ടി.

പിന്നിലേക്കുള്ള സ്വന്തം പറമ്പിൽ തന്നെയുള്ള തടിയാണ് ഫർണിച്ചറിനും വാതിലിനും കട്ടിളകൾക്കും കബോർഡുകൾക്കുമെല്ലാം ഉപയോഗിച്ചത്. ഇത് ചെലവ് നന്നായി കുറയ്ക്കാൻ സഹായിച്ചു.

പറമ്പിൽത്തന്നെയുള്ള മണ്ണാണ് പ്ലോട്ട് നിരപ്പാക്കാൻ ഉപയോഗിച്ചത്.

ശരാശരി നിലവാരമുള്ള ചെലവുകുറഞ്ഞ ടൈലുകൾ ഫ്ളോറിങ്ങിനു ഉപയോഗിച്ചു.

Location- Kuzhalmannam, Palakkad

Area- 825 SFT

Plot- 3 cent

Owners- Chinthamani, Leela

Construction, Design- Vineeth Nair

Vintech Designers, Palakkad

Mob-9447182800, 9400023080

Completion year- 2017.

കടപ്പാട് : manoramaonline.com